ഹരി

അഞ്ചു വയസ്സുകാരിയായ മകളെ നൃത്തം പഠിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തിയത് കലാസദനം പ്രമീള ടീച്ചറുടെ പേരായിരുന്നു. ഞങ്ങളുടെ നാട്ടിലെ പ്രശസ്തയായ നൃത്ത അധ്യാപികയാണ് അവർ. ധാരാളം കലാപ്രതിഭകൾ ടീച്ചറുടെ ശിക്ഷണത്തിൽ വളർന്നു വന്നിട്ടുണ്ട്. ഫീസ് കുറച്ച് കൂടുതൽ ആണെങ്കിലും ടീച്ചറുടെ ശിക്ഷണത്തിൽ എന്റെ മോളും നല്ലൊരു കലാകാരിയായി വളർന്നു വരുമല്ലോ എന്നൊരു ആശ്വാസമായിരുന്നു മനസ്സിൽ.

ടീച്ചറെ മുൻപ് പലയിടത്തും വച്ച് കണ്ടിട്ടുണ്ടെങ്കിലും സംസാരിച്ച് പരിചയം ഒന്നും ഉണ്ടായിരുന്നില്ല.

ഒരു ഞായറാഴ്ച ദിവസമായിരുന്നു ഞാനും വൈഫും മോളും കൂടി ടീച്ചറുടെ ഡാൻസ് അക്കാദമിയിൽ എത്തുന്നത്. റിസെപ്ഷനിൽ കയറിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. ടീച്ചർ ക്ലാസ്സ് എടുക്കുകയാണെന്നും കുറച്ചു സമയത്തിനുള്ളിൽ വരുമെന്നും പറഞ്ഞു.

പെൺകുട്ടി കൊണ്ടുതന്ന ചായയും മൊത്തിയിരിക്കുമ്പോഴാണ് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങളിൽ കണ്ണു പതിയുന്നത്. ടീച്ചർ പഠിപ്പിച്ച പല പ്രകൽഭ കലാകാരൻമാരുടേയും കലാകാരികളുടേയും ചിത്രങ്ങളായിരുന്നു അതിൽ ഭൂരിഭാഗവും. അതു നോക്കി നിന്നപ്പോൾ ഉള്ളിൽ തെല്ലൊരു അഭിമാനം തോന്നി. നാളെ എന്റെ മകളുടെയും ഫോട്ടോ ഈ ചുമരിൽ ഇങ്ങനെ ഫ്രയിം ചെയ്തുവയ്ക്കാനുള്ളതാണ് എന്ന ചിന്ത ഉള്ളിൽ കുളിരു കോരിയിട്ടു.

കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും മൊമെന്റോ ഏറ്റുവാങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രം കണ്ണിൽ ഉടക്കി. ചിത്രത്തിനു താഴെ കൃഷ്ണപ്രസാദ് എന്നും കേരള ലിറ്റററി അവാർഡ് എന്നും എഴുതിയിരിക്കുന്നു. ആ ചിത്രം മറ്റൊരു ചിത്രമാണ് അപ്പോൾ മനസ്സിൽ പതിപ്പിച്ചത്.

സ്കൂൾ കലോത്സവങ്ങളിലും ജില്ലാ കലോത്സവങ്ങളിലും ഒക്കെ നൃത്ത നൃത്തേതര ഇനങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്ന ഒരു ആൺകുട്ടിയുടെ ചിത്രം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, മിമിക്രി, മോണോആക്ട്, കഥാപ്രസംഗം, ഫാൻസി ഡ്രെസ്സ്, ലളിതഗാനം, കവിതാലാപനം എന്നിവയിലൊക്കെ ഫസ്റ്റ് പ്രൈസ് എന്നും അവനായിരുന്നു. അവനെ നൃത്തം പഠിപ്പിച്ചിരുന്നതും മത്സര വേദികളിൽ ഒക്കെ കൊണ്ടു പോയിരുന്നതും ഈ പ്രമീള ടീച്ചർ ആയിരുന്നു. അവന്റെ ചിത്രവും ഇവിടെ ഈ ചുമരിൽ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ എത്ര തിരഞ്ഞിട്ടും അവനെ മാത്രം അവിടെ കണ്ടെത്താനായില്ല.

അവൻ ഞങ്ങളുടെ ഈ ബോയ്സ് സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ വന്ന് ചേരുമ്പോൾ ആരും ഒന്ന് ഓമനിച്ചു പോകുന്ന ഒരു ഇത്തിരിക്കുഞ്ഞൻ ആയിരുന്നു. അത്രയ്ക്കും ക്യൂട്ട് ആയിരുന്നു അവൻ. മുടി തോളുവരെ വളർത്തി ചുണ്ടിൽ തങ്ങിനിൽക്കുന്ന പുഞ്ചിരിയുമായി മുട്ടിനു മേൽ വരുന്ന ട്രൗസറും പൂക്കൾ പ്രിന്റ് ചെയ്ത സ്കിൻ ഫിറ്റ് ഷർട്ടുമിട്ട് കഴുത്തിലണിഞ്ഞ കറുത്ത ചരടിന്റെ തുമ്പത്ത് സ്വർണ്ണത്തിൽ പൊതിഞ്ഞ ചെറിയ ഏലെസ്സ് കെട്ടി, ഒരു ഓടക്കുഴൽ കൂടി കയ്യിലുണ്ടെങ്കിൽ ശരിക്കും ഒരു ഉണ്ണിക്കണ്ണനെപോലെ കുഞ്ഞു സുന്ദരനായിരുന്നു അവൻ.

അവന്റെ യഥാർത്ഥ പേര് ഇവിടെ പ്രതിപാതിക്കുന്നില്ലെങ്കിലും നമുക്കവനെ ഹരി എന്ന് വിളിക്കാം.

ഹരിയുടെ വസ്ത്രധാരണവും രൂപവും പെരുമാറ്റവും നടത്തവും ഒക്കെ കണ്ടാൽ ഏതോ വലിയ വീട്ടിലെ കുട്ടിയാണെന്നേ ആരും പറയൂ.
എന്നാൽ കുഞ്ഞുന്നാളിൽ ഓർമ്മവയ്ക്കും മുൻപേ അച്ഛൻ നഷ്ടപ്പെട്ടവനാണെന്നും, അവന്റമ്മ അന്യവീടുകളിൽ അടുക്കളപ്പണിക്കു പോയി കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ് അവനും അനുജനും അമ്മയും മുത്തശ്ശിയും അടങ്ങുന്ന അവരുടെ കുടുംബം അരിഷ്ടിച്ചു കഴിഞ്ഞിരുന്നതെന്നും ഹരിയുടെ വീടിനടുത്തു നിന്നു വരുന്ന കുട്ടികളിൽ നിന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു.

ഒരു പൂമ്പാറ്റയെ പോലെ പാറിനടക്കുന്ന ഹരി ഒരു കടന്നലിന്റെ എന്നപോലെ ഞങ്ങൾ കുട്ടികൾക്ക് ഭീഷണിയാകുന്നത് സ്കൂളിലെ കലോത്സവ നാളുകളിലാണ്.
പങ്കെടുക്കുന്ന ഓരോ ഇനങ്ങളിലും ഫസ്റ്റ് പ്രൈസ് നേടി അവൻ കയ്യടി വാങ്ങിക്കൂട്ടി. അതുവരെ ഞങ്ങൾ കുത്തകയാക്കി വച്ചിരുന്ന ചില ഇനങ്ങളിലും കടന്നുകൂടി ഞങ്ങളിൽ ചിലരെ അവൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.

വലിയ കലാകാരൻമാരെന്ന് ഊറ്റം കൊണ്ടു നടന്നിരുന്ന ഞങ്ങൾക്കേറ്റ അപ്രതീക്ഷിതമായ തിരിച്ചടിയിൽ ഹരിയോട് അസൂയ പെരുകി. ഞങ്ങളുടെ കണ്ണിലെ കരടായി മാറിയ ഹരി അധ്യാപകരുടെ കണ്ണിലെ കൃഷ്ണമണിയായി വളരാൻ അധികം താമസമൊന്നും ഉണ്ടായിരുന്നില്ല. 

ഹരിയുടെ കലാപ്രകടനങ്ങൾ കണ്ടു കണ്ണു തള്ളിയ ഞങ്ങൾ അവനുമായി സന്ധിയിൽ ഏർപ്പെടാൻ തീരുമാനിച്ചു.
അതിന്റെ ഭാഗമായായിരുന്നു ഞങ്ങളുടെ പുതിയ നാടകത്തിലെ കേന്ദ്ര കഥാപത്രമായ ഉണ്ണിക്കുട്ടനായി അഭിനയിക്കാൻ ഹരിയെ ചെന്നു കാണുന്നത്. ഞങ്ങളുടെ ക്ഷണം ലവലേശം കരുണയില്ലാതെ അവൻ നോ പറഞ്ഞു.

ഹരി അഹങ്കാരിയാണെന്നും, അതുകൊണ്ടാണ് ഞങ്ങളുടെ ക്ഷണം സ്വീകരിക്കാതിരുന്നതെന്നും പറഞ്ഞു  കുറേനാൾ അവനോട് കെർവിച്ചു നടന്നു.

യഥാർത്ഥത്തിൽ മറ്റൊരു പരിപാടിയിലും ഏർപ്പെടാൻ പറ്റാത്ത തരത്തിലുള്ള സമയക്കുറവും, കലയോടുള്ള അടങ്ങാത്ത ആത്മാർഥതയും ഒന്നു മാത്രമായിരുന്നു ആ നാടകത്തിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിച്ചത്.

വ്യക്തികത ഇനങ്ങൾ കുറേയേറെ കളിച്ചു തീർക്കാൻ ഉണ്ടായിരുന്നു അവന്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു നൃത്ത ഇനങ്ങൾ. അവയിൽ കൂടുതൽ ഹാർഡ് വർക്ക്‌ ചെയ്യാൻ അവൻ തീരുമാനിച്ചു. അതിന്റെ ഫലമായി ആ വർഷത്തെ ജില്ലാ കലാപ്രതിഭാ പട്ടം ഹരിയെ തേടിയെത്തി. അങ്ങനെ ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ ജില്ലാ കലോത്സവ പ്രതിഭയായിമാറി ഹരി.

ഹരിയുടെ ഗുരുനാഥ പ്രമീളട്ടീച്ചറെ പല കലോത്സവ പറമ്പുകളിലും വേദികളിലും വച്ച് ഹരിയുടെ കൂടെ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ അവന്റെ അമ്മയാണോ അവരെന്ന് പലരും തെറ്റിദ്ധരിച്ചുപോയിട്ടുണ്ട്.

"എന്താ ചായ കുടിക്കാത്തേ"
എന്ന ടീച്ചറുടെ വിളിയാണ് എന്നെ വർത്തമാന ലോകത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ശരിയാണ് ഞാൻ ചായ കുടിച്ചിരുന്നില്ല. വീണ്ടും കുടിക്കാനായി ഗ്ലാസ്സ് കയ്യിൽ എടുത്തപ്പോൾ അതിലെ ചായ മുഴുവനും ഏസിയുടെ ശീതക്കാറ്റേറ്റ് തണുത്തുപോയിരുന്നു.

ചായ തണുത്തൂ ലേ, വേറെ ചായ തരട്ടെ, എന്ന ടീച്ചറുടെ ചോദ്യത്തിന് ഞാൻ വേണ്ടെന്നു തലയാട്ടി. പിന്നെ ഒരു ഫോം പൂരിപ്പിക്കാനായി ടീച്ചർ എനിക്കു നേരെ നീട്ടി. ഞാൻ അത് പൂരിപ്പിച്ചു നൽകി.

മുഖവുരയില്ലാതെത്തന്നെ ടീച്ചർ ഫീസിന്റെ കാര്യം പറഞ്ഞു തുടങ്ങി. അയ്യായിരം രൂപ അഡ്മിഷൻ ഫീസ്. രണ്ടായിരം രൂപ മന്ത്ലി ഫീസ്. രണ്ടും കൂടി അഡ്വാൻസായി അടയ്ക്കണം. ഒരു വർഷം പഠിച്ചു കഴിഞ്ഞാൽ അരങ്ങേറ്റം. അരങ്ങേറ്റത്തിന് ഒരു ലക്ഷം രൂപയാണ് ഇപ്പോഴത്തെ എന്റെ ഫീസ്.

ടീച്ചറുടെ ഓർഡർ ഞാൻ താണ് തൊഴുത് അംഗീകരിച്ചു.

നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് പുറത്തിറങ്ങാൻ നേരം ടീച്ചറോട് ചോദിച്ചു.
"ഞാൻ പഠിക്കുമ്പോൾ ഹരിയും ബോയ്സ് സ്കൂളിൽ ഉണ്ടായിരുന്നു, ഇപ്പൊ കാലം കുറച്ചായി കണ്ടിട്ട്, ഹരി ഇപ്പോൾ എവിടാ ടീച്ചറെ?"

അതിനുത്തരമായി
ഹരിയോ അതാരാ, എന്നൊരു മറു ചോദ്യമാണ് ടീച്ചറിൽ നിന്നുണ്ടായത്

"ബോയ്സിൽ ഭാരതനാട്യത്തിലും, മോഹിനിയാട്ടത്തിലും, കുച്ചുപ്പുടിയിലും ഒക്കെ സമ്മാനങ്ങൾ നേടിയിരുന്ന ഹരിയല്ലേ, ആ ഹരി, അവൻ ഒരു പ്രാവശ്യം ജില്ലാതല കലാപ്രതിഭയും ആയിരുന്നു. അവന്റെ കാര്യമാണ് പറഞ്ഞത്"

"എനിക്ക് ഒരു ഹരിയേം അറിയില്ല ഗിരിയേം അറിയില്ല, ഞാൻ ബോയ്സിൽ ഒരു കുട്ടിയെ മാത്രമേ ഡാൻസ് പഠിപ്പിച്ചിട്ടുള്ളൂ, അത് ഈ നിൽക്കുന്ന കൃഷ്ണദാസ് ആണ്"
ടീച്ചർ ചുമരിൽ തൂങ്ങിക്കിടക്കുന്ന ഫോട്ടോയിൽ ചൂണ്ടി അഭിമാനത്തോടെ പറഞ്ഞു. പിന്നെ ടീച്ചർ കൃഷ്ണദാസിനെപ്പറ്റി വാചാലയായി.

നൃത്ത നൃത്യങ്ങളിൽ കൃഷ്ണദാസ് വാങ്ങിക്കൂട്ടിയ അവാർഡുകളെ കുറിച്ചും സാഹിത്യ രംഗത്ത് കേരളത്തിൽ അയാളുടെ ഇന്നുള്ള പ്രശസ്തിയെ പറ്റിയും ടീച്ചർ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.

ടീച്ചറുടെ തള്ളൽ കേൾക്കാൻ തക്ക മൂഡിലല്ലായിരുന്നു ഞാൻ. എവിടെനിന്നോ ഒരാശയക്കുഴപ്പം എന്നെ വന്നു പൊതിഞ്ഞിരുന്നു. ചിലപ്പോൾ ഹരി തന്നെയായിരിക്കുമോ ഈ ഫോട്ടോയിൽ കാണുന്ന കൃഷ്ണദാസ് എന്നയാൾ. ഹരിയുടെ യഥാർത്ഥ പേര് ആയിരിക്കുമോ കൃഷ്ണദാസ് എന്നുള്ളത്. ചിലപ്പോൾ എനിക്കു തെറ്റിയതായിരിക്കും.

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ  ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞു.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. ഹരിയുടെ മുഖം എന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയി.

ഒരു ദിവസം എന്റെ ഒരടുത്ത സുഹൃത്തിന്റെ വീട് വാർക്കയുടെ അന്ന് ക്ഷണം സ്വീകരിച്ച് പോയതായിരുന്നു. പുതിയ കാലത്ത് വാർക്ക ദിനവും ഒരാഘോഷമാണ്. മദ്യവും മാംസവും വിളമ്പി ബന്ധുക്കളേയും, സുഹൃത്തുക്കളേയും ജോലിക്കാരേയും പ്രീതിപ്പെടുത്താനുള്ള ഒരാഘോഷം.

അവിടെ ചെന്നപാടെ പാതി പണിയിലെത്തിനിൽക്കുന്ന വീടും പരിസരവും ഒക്കെ ഒന്നു ചുറ്റിക്കണ്ടു. അവിടെ കോൺക്രീറ്റിനോടും കൊടും വെയിലിനോടും യുദ്ധം ചെയ്ത് തളരാൻ വിധിക്കപ്പെട്ട കുറേ മനുഷ്യജന്മങ്ങളെ കണ്ടു. അവരുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും നോക്കി നിന്നപ്പോൾ അറിയാതെ മനസ്സു പിടഞ്ഞു.

പൊടുന്നനെ ആ മനുഷ്യക്കോലങ്ങൾക്കിടയിൽ നിന്ന് ഒരു ദയനീയ മുഖം കണ്ണിൽ മിന്നിമാഞ്ഞു. എങ്ങോ കണ്ട് മറന്ന ഒരു മുഖം. സൂക്ഷിച്ചു നോക്കിയപ്പോൾ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ഹരി, ദൈവമേ ഇവനെന്താണ് ഈ കോലത്തിൽ.

പണി കഴിഞ്ഞു എല്ലാവരും പോകാൻ നേരം അവനോട് വിശേഷങ്ങൾ തിരക്കി, ഹരി തന്നെയാണെന്ന് ഉറപ്പു വരുത്തി.

അവൻ പറഞ്ഞു,
"പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മ ഒരപകടത്തിൽ മരണപ്പെട്ടു. വയസ്സായ മുത്തശ്ശിയെയും അനുജനെയും സംരക്ഷിക്കേണ്ട ചുമതല എന്റെ കൈകളിലായി. അമ്മയുടെ മരണശേഷം ഞങ്ങൾ കുറേയേറെ പട്ടിണി കിടന്നു. ജീവിക്കാൻ മാർഗ്ഗം ഇല്ലാതായപ്പോൾ കൂലിപ്പണിക്കിറങ്ങി. പല ജോലികളും ചെയ്തു. അതിൽ നിന്നൊന്നും കിട്ടാത്ത സംതൃപ്തിയും പൈസയും എനിക്കീ ജോലിയിൽ നിന്ന് കിട്ടുന്നുണ്ട്. പതിനഞ്ചു കൊല്ലമായി ഇപ്പോൾ വാർക്കപ്പണി ചെയ്യുന്നു. ഞങ്ങളുടെ പട്ടിണി മാറ്റിയത് ഈ ജോലിയാണ്. ഞാൻ ഇതിനോട് കടപ്പെട്ടിരിക്കുന്നു"

ഇത്രയും പറഞ്ഞ് അവൻ എന്റെ മുഖത്തു നോക്കി ഒരു നെടുവീർപ്പെറിഞ്ഞു. പിന്നെ നിശ്ശബ്ദമായി കരഞ്ഞു. അവശതയേറ്റ് ഒട്ടിയ കവിളിലൂടെ കണ്ണുനീർ ധാരായായി ഒലിച്ചിറങ്ങി. വിയർപ്പിലും സിമന്റിലും കുളിച്ചു നിൽക്കുന്ന ഹരിയെ കെട്ടിപ്പിടിച്ചു ഞാൻ അശ്വസിപ്പിക്കാൻ ശ്രമിച്ചു.

പഴയൊരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ പണിവസ്ത്രവും കക്ഷത്തു വച്ച് നിറ കണ്ണുകളോടെ ഹരി അവിടെനിന്നും എന്നോട് യാത്ര പറഞ്ഞിറങ്ങി.

അന്നേരം പ്രമീള ടീച്ചർ ഹരിയെ അറിയില്ലെന്ന് പറഞ്ഞത് ഓർമ്മ വന്നു. പണവും പ്രശസ്തിയും ഉള്ളവരെ ഒരു തട്ടിലും അതില്ലാത്ത കലാകാരൻമാരെ വേറെ തട്ടിലും കാണുന്ന പ്രമീള ടീച്ചറെ പോലുള്ളവരോട് പുച്ചം തോന്നിയ നിമിഷമായിരുന്നു അത്.

ഞാൻ അവിടെ നിന്നും നേരെ പോയത് പ്രമീള ടീച്ചറുടെ ഡാൻസ് അക്കാദമിയിലേക്ക് ആയിരുന്നു. അവിടുത്തെ നൃത്തപഠനം എന്നേക്കുമായി അവസാനിപ്പിച്ച് മോളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. പിന്നീട് പണത്തിനോട് ആർത്തിയില്ലാത്ത സ്വന്തം ജോലിയോട് ആത്മാർത്ഥതയുള്ള സഹജീവികളോട് കരുണ കാണിക്കുന്ന കലാകാരൻമാരോട് സഹവർത്തിത്വം കാട്ടുന്ന ഒരു നൃത്ത അധ്യാപികയെ മോൾക്ക് വേണ്ടി കണ്ടെത്താൻ ഞാൻ തീരുമാനമെടുത്തു.

                          ✍️റഹി വടക്കാഞ്ചേരി

Comments